|

|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - **1/2
താരമൂല്യം ഒട്ടും ഇല്ലാത്ത ഈ ചിത്രത്തിൽ രജനി ചാണ്ടി എന്ന പുതുമുഖ നായികയാണ് കേന്ദ്ര കഥാപാത്രമായ ലീല എന്ന മുത്തശ്ശിയുടെ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുള്ളത്. ഇന്നത്തെ കാലത്തെ അണുകുടുംബങ്ങളിലെ പ്രായമായവരുടെ അവസ്ഥ വളരെ മികച്ച രീതിയിൽ ഈ സിനിമയിൽ എടുത്തുകാണിക്കുന്നുണ്ട്.
ദേഷ്യക്കാരിയായ ഒരു മുത്തശ്ശിയുടെ കഥ പറയുന്ന ഈ സിനിമ വളരെ പുതുമ നിറഞ്ഞ വിഷയവും വ്യത്യസ്തമാർന്ന പ്രമേയവുമാണ് . പ്രായമായവരെ മനസ്സിലാക്കാനും അവരുടെ ഇഷ്ട്ടങ്ങൾ കണ്ടറിഞ്ഞു പെരുമാറാനും ഈ സിനിമ പ്രചോദനമാകുന്നുണ്ട്.
പ്രായമായവർക്കിടയിലും ചെറുപ്പക്കാരുടെ ഇടയിലും സോഷ്യൽ മീഡിയയുടെ പങ്ക് വളരെ വലുതാണെന്നും ഈ സിനിമ തെളിയിക്കുന്നു.
ചിത്രത്തിലെ മറ്റു പ്രധാന നടിനടന്മാരായ സുരാജ് വെഞ്ഞാറമൂട് ,രമേഷ് പിഷാരടി , ലെന ,അപർണ എന്നിവരെല്ലാം നല്ല പ്രകടനം കാഴ്ച വച്ചിട്ടുണ്ടെങ്കിലും പ്രധാന കഥാപാത്രമായ മുത്തശ്ശിയെ അവതരിപ്പിച്ചിട്ടുള്ള രജനി ചാണ്ടിയുടെ അഭിനയത്തിൽ പലപ്പോഴും പാളിച്ചകൾ അനുഭവപ്പെടുന്നുണ്ട്. മറ്റൊരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയിലും ഇതേ പോലെയുള്ള പോരായ്മകളുണ്ട്.
സംവിധായകനായ ജൂഡ് ആന്റണി ജോസഫ് സിനിമയിൽ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . സംഭാഷണങ്ങളിലും നർമ്മരംഗങ്ങളിലും സൗബിൻ സാഹിറിനെ അനുകരിക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു ജൂഡ് ആന്റണിയുടേത്.
രസകരമായ ഒരു പാട് സന്ദർഭങ്ങളുള്ള ഈ സിനിമയുടെ പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും വളരെ മികച്ച രീതിയിലാണ് ഷാൻ റഹ്‌മാൻ കൈകാര്യം ചെയ്തിട്ടുള്ളത്.
വിനോദ് ഇല്ലമ്പിള്ളിയുടെ ഛായാഗ്രഹണം വളരെ മികച്ചു നിൽക്കുന്നു എങ്കിലും ആദ്യ സിനിമയുടെ നിലവാരം കാത്തു സൂക്ഷിക്കാൻ ഈ സിനിമയിൽ സംവിധായകന് കഴിഞ്ഞിട്ടില്ല.
ആശയത്തിലെ പുതുമകൊണ്ട് വളരെ നിലവാരമുള്ള ഈ സിനിമയുടെ ആദ്യ പകുതിയിൽ അനാവശ്യ ദൈർഘ്യം തോന്നുന്നുണ്ട്. എന്നിരുന്നാലും ഇത്തരത്തിലുള്ള സിനിമകൾ മലയാള സിനിമയ്ക്ക് അനിവാര്യമാണ്. പുതുമയേറിയ ഇത്തരം സിനിമകൾ നമുക്ക് മനസ്സിലാക്കി തരുന്നത് താരമൂല്യമില്ലെങ്കിലും മികച്ച തിരകഥയാണെങ്കിലും ഏതു സിനിമയും വിജയിക്കും എന്നതാണ്.