|
|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - **1/2
ജനതാ ഗാരേജ് എന്ന വർക്ക്ഷോപ്പിന്ന്റെ ഉടമസ്ഥനാണ് സത്യ എന്ന മോഹൻലാലിന്റെ കഥാപാത്രം. ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ഹൈദ്രബാദ് നഗരത്തിലേക്ക് വന്ന് ജനത ഗാരേജ് തുടങ്ങിയ സത്യയുടെയും, സഹപ്രവർത്തകരുടെയും കഠിനാധ്വാനം കാരണം ഗാരേജിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.
സത്യയും, ഒരു കുടുംബം പോലെ ജീവിക്കുന്ന ഗാരേജിലെ സഹപ്രവർത്തകരും ചേർന്ന് നാട്ടിലെ പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും സഹായിക്കുകയും ചെയ്യുന്നതോടെ സത്യയും അദ്ദേഹത്തിന്റെ സ്ഥാപനവും ജനങ്ങൾക്ക് പ്രിയപ്പെട്ടവരാകുന്നു. തുടർന്ന് ജനതാ ഗാരേജുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ചില സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത് .
കുറച്ചു സംഭാഷണങ്ങളും കൂടുതൽ ഭാവാഭിനയത്തോടെ സത്യ എന്ന ശക്തമാർന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് മോഹൻലാൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ, കൂടുതൽ സംഭാഷണങ്ങളും സംഘട്ടനങ്ങളോടും കൂടിയാണ് ജൂനിയർ NTR തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മൾട്ടിസ്റ്റാർ ചിത്രമായ ഈ ചിത്രത്തിൽ സാമന്ത ,നിത്യ മേനോൻ എന്നിങ്ങനെ രണ്ടു നായികമാരും , ഒരു ഗാനരംഗത്തിൽ മാത്രമായെത്തുന്ന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ കാജൽ അഗർവാളുമുണ്ട്.
അതിശക്തമാർന്ന രണ്ടു നായക കഥാപാത്ര ങ്ങളുള്ള ഈ സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് സച്ചിൻ കേദ്ക്കറും ഉണ്ണി മുകുന്ദനുമാണ്.
തെലുങ്ക് പ്രേക്ഷകർക്കും മലയാളി പ്രേക്ഷകർക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന രീതിയിലുള്ള ചിത്രീകരണ രീതിയാണ് ഈ സിനിമയുടേത്.
സാധാരണയായി ഭാഷമാറ്റി ഇറങ്ങുന്ന പല സിനിമകളുടെയും ഗാനങ്ങൾ മലയാളത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ അതിന്റെ നിലവാരം കുറയാറുണ്ട് .എന്നാൽ ജനതഗാരേജിലെ എല്ലാ ഗാനങ്ങളും മലയാളികൾക്ക് ഇതിനോടകം തന്നെ ഇഷ്ട്ടപ്പെട്ടു കഴിഞ്ഞു. ദേവ് ശ്രീ പ്രസാദ് ഈണം പകർന്നിട്ടുള്ള ഗാനങ്ങൾക്ക് ഒപ്പം റോബോട്ടിക്‌സും ഹിപ്ഹോപ്പും സമന്വയിപ്പിച്ചിട്ടുള്ള ജൂനിയർ NTR ന്റെ നൃത്ത രംഗങ്ങളും കൂടി ചേരുന്ന ഗാനരംഗങ്ങൾ നിറകൈകളോടെയാണ് പ്രേക്ഷകർ സ്വികരിച്ചിട്ടുള്ളത്.
ഹൈദ്രബാദിലും മുംബൈയിലുമായി ചിത്രീകരിച്ചിട്ടുള്ള സിനിമയുടെ ദൃശ്യഭംഗിക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിലാണ് ഛായഗ്രാഹകനായ തീരു കൈകാര്യം ചെയ്തിട്ടുള്ളത്.വില്ലൻ കഥാപാത്രങ്ങളെ വളരെ നിസ്സാരമായി വകവരുത്തുന്ന സിനിമയുടെ ക്ലൈമാക്സിൽ നിസ്സാരമായ മാറ്റങ്ങൾ വരുത്തിയിരുന്നെവെങ്കിൽ സിനിമയുടെ നിലവാരം ഇനിയും ഒരുപാട് ഉയർത്താമായിരുന്നു .
സംഘട്ടന രംഗങ്ങൾക്കും പ്രണയത്തിനും വൈകാരികരംഗങ്ങൾക്കും ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ള ഈ സിനിമ ഒരു നല്ല എന്റർടെയ്നർ ആണ്.