മലയാള സിനിമയിലെ മികച്ച ഛായഗ്രഹകന്മാരിൽ ഒരാളായ സുജിത്ത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ജയിംസ് ആൻഡ് ആലീസ്.
പൃഥ്വിരാജും വേദികയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ജയിംസിനെയും ആലീസിനെയും അവതരിപ്പിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ജയിംസിന്റെയും ആലീസിന്റെയും ജീവിതകഥ പറയുന്ന ഈ സിനിമയിൽ ഒരു ശരാശരി കുടുംബത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ എടുത്തു കാണിക്കുന്നുണ്ട്.
പ്രണയവും ദാമ്പത്യവും തമ്മിലുള്ള വ്യത്യാസങ്ങൾ എടുത്തു കാണിച്ചിട്ടുള്ള ഈ സിനിമയിൽ ഒരു കലാകാരന്റെ ഭാവനകളും ക്രിയാത്മകതയും വർണ്ണിച്ചു കൊണ്ട് ഒരു പാട് സംഭാഷണങ്ങളുണ്ട്.
കഴിഞ്ഞ കുറെ കാലമായി തൊട്ടതെല്ലാം സൂപ്പർ ഹിറ്റാക്കുന്ന നടനായ പൃഥ്വിരാജ്, ജയിംസ് എന്ന ആർടിസ്റ്റ് കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. പൃഥ്വിരാജ് , സിനിമയുടെ ആദ്യ പകുതിയിൽ മുടി അല്‌പം നീട്ടിവളര്‍ത്തി പിന്നിലേക്ക് കെട്ടി,കളര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് പ്രകടമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പല വൈകാരിക മുഹൂർത്തങ്ങളിലും പൃഥ്വിരാജ് എന്ന നടന്റെ അഭിനയ മികവ് നമുക്ക് കാണാൻ സാധിക്കും.നായകനെ വെല്ലുന്ന രീതിയിൽ നായികയായ വേദികയും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട് .
കുടുംബജീവിതത്തില്‍ നിസ്സാരമായി പരിഹരിക്കപ്പെടാവുന്ന കാര്യങ്ങള്‍ ഗൗരവമാകുകയും വിവാഹ മോചനത്തിന്റെ വക്ക് വരെ എത്തുന്ന സാഹചര്യത്തിന്റെയും കഥ പറഞ്ഞു മുന്നോട്ട് പോകുന്ന സിനിമയുടെ ആദ്യപകുതി അവസാനിക്കുന്നത് വളരെ മികച്ച രീതിയിൽ ചിത്രീകരിച്ച ഒരു ആക്സിഡനറ് സീനിൽ ആണ്.
ചിത്രത്തിന്റെ രണ്ടാം പകുതിയിൽ നായകന്റെ മനസ്സിലെ ഒരു സാങ്കല്പിക കഥാപാത്രമായ പീറ്ററിലൂടെയാണ് കഥ തുടരുന്നത്. ഒരു പരസ്യചിത്രസംവിധായകനായ ജയിംസിന്റെ കഴിഞ്ഞ കാലത്തെ ചില തെറ്റ് കുറ്റങ്ങളെ പീറ്റർ അവന് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. നല്ല ഒരു പാട് കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തിട്ടുള്ള സിജോയ് വർഗ്ഗിസ്സ് ആണ് പീറ്ററിനെ അവതരിപ്പിച്ചിരിക്കുന്നത് .
സിജോയ് വർഗ്ഗിസിന്റെ പിറ്റർ എന്ന കഥാപാത്രം പറയുന്ന ഓരോ കാര്യങ്ങളിലും ഒരുപാട് ഉപദേശങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.
സംവിധായകൻ തന്നെ കഥയും ഛായഗ്രഹണവും ചെയ്യുന്നതിനാൽ ഈ സിനിമ നല്ല രീതിയിൽ ചിത്രികരിക്കുവാൻ സുജിത്ത് വാസുദേവിനു കഴിഞ്ഞിട്ടുണ്ട്.
പൃഥ്വിരാജിനും വേദികക്കും സിജോയ് വർഗ്ഗിസിനും പുറമെ മഞ്ജു പിള്ളെയും കിഷോർ സത്യയും പാർവതി നായരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട് . ഗോപീസുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം പലപ്പോഴും കഥയ്‌ക്കൊപ്പം ചേരുന്നില്ല. ഗാനങ്ങളും ശ്രദ്ധ നേടുന്ന ഗാനങ്ങളല്ല .
കുടുംബ സമേതം വന്ന് ആസ്വദിക്കാൻ കഴിയുന്ന ഈ ചിത്രം നാവാഗത സംവിധായകൻ എന്ന നിലയ്ക്ക് സുജിത് വാസുദേവിന് അഭിമാനിക്കാവുന്ന ഒരു തുടക്കമാണ്. വൈവിധ്യങ്ങളാർന്ന ഇതു പോലുള്ള സിനിമകൾക്ക് മാത്രമേ മലയാള സിനിമയുടെ നിലവാരം വാനോളം ഉയർത്താൻ സാധിക്കുകയുള്ളൂ.
James And Alice is an upcoming malayalam movie directed by Sujith Vaassudev and produced by Dr S Saji Kumar Krishnan and Sethukumar.Staring Prithviraj Sukumaran,Vedhika,Saikumar , Kishore Sathya, Sjioy Varghese