ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു -സാന്ദ്ര തോമസ് കൂട്ടുക്കെട്ടിൽ നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമാണ് മുദ്ദുഗൗ. ഈ കൂട്ടുക്കെട്ടിൽ മലയാള സിനിമയ്ക്ക് ലഭിക്കുന്ന 7-മത്തെ സംവിധായകനാണ് വിപിൻ ദാസ്.
പുതുമയാർന്ന അവതരണ ശൈലിയി ഇഷ്ടപ്പെടുന്ന മലയാള സിനിമ പ്രേമികൾക്ക് പുതിയൊരനുഭവമായിരിക്കും നവാഗത സംവിധായകനായ വിപിൻ ദാസിന്റെ മുദ്ദുഗൗ.
caper കോമഡി അഥവ satire കോമഡി വിഭാഗത്തിൽപ്പെടുന്ന മുദ്ദുഗൗ, പേര് പോലെ തന്നെ സിനിമയുടെ പ്രധാന വിഷയവും ഉമ്മയാണ്. നായക കഥാപാത്രമായ ഭരത് ചെറുപ്പം മുതലേ ടെൻഷൻ വന്നാലും സന്തോഷം വന്നാലും സ്നേഹം വന്നാലും ഉടനെ അടുത്തു കാണുന്ന ആൾക്ക് ഉമ്മ കൊടുക്കുന്ന ആളാണ്. ഒരു അപ്രതിക്ഷിത സാഹചര്യത്തിൽ നായകൻ വില്ലന് ഉമ്മ ക്കൊടുത്തതാണ് സിനിമയുടെ പ്രധാന വഴിത്തിരിവ്. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനായി അരങ്ങേറിയ ചിത്രം കൂടിയാണ് ഈ സിനിമ. നിലവിലുള്ള നായക സങ്കൽപ്പത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമാർന്ന രൂപഭാവങ്ങളുള്ള ഗോകുൽ, തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവർന്നു. നടൻ വിജയ് കുമാറിന്റെ മകൾ അർത്ഥനയുടെ കന്നി ചിത്രം കൂടിയാണ് ഈ സിനിമ. ഗംഗ എന്ന നിഷ്ങ്കളകയായ ടീനേജ് കാമുകിയുടെ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അർത്ഥന അവതരിപ്പിച്ചിട്ടുണ്ട്.
നടൻ വിജയ് ബാബുവിന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും റാംബോ എന്ന വില്ലൻ കഥാപാത്രം. ഇതു വരെ കാണത്ത ഒരു പുതിയ രൂപഭാവമാണ് കഥാപാത്രത്തിനു വേണ്ടി അദ്ദേഹം സ്വികരിച്ചിരിക്കുന്നത്. ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റ് രണ്ടു കഥാപാത്രങ്ങളാണ് കുമാരി -പുത്തരി എന്നി ലോക്കൽ ഗുണ്ടകളെ അവതരിപ്പിച്ച സൗബിന്‍ഷാഹിറും ഹരീഷും. ഇരുവരും വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, പ്രേംകുമാർ, ബൈജു, അബുസലീം, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വളരെ രസകരമായ കഥയാണെങ്കിലും തിരക്കഥയിലുള്ള പാളിച്ച മൂലം കഥയിലെ കൗതുകത്തെ പൂർണമായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. നിരവധി കോമഡി രംഗങ്ങള്‍ ഉണ്ടെങ്കിലും അതിനെ മനോഹരമായി ചേര്‍ത്തെടുക്കുന്നതിലും ചിത്രം പരാജയെപ്പട്ടു
എങ്കിലും സിനിമയുടെ തുടക്കത്തിലുള്ള ഒറ്റ ഷോട്ട് മുതൽ നീണ്ട ദൈർഘ്യമേറിയ പല ഷോട്ടുകളും മുദ്ദുഗൗവ്വിനെ വ്യത്യസ്തമാക്കുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ പറയുന്നത് പോലെ ഷാജി കൈലാസ് പടം പോലെ തുടങ്ങിയത് അവസാനിച്ചപ്പോൾ പ്രിയദർശൻ സിനിമ പോലെയായി.
ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കുഗൻ പളനിയാണ്
കുറഞ്ഞ മുതൽ മുടക്കിൽ എടുത്ത ഈ സിനിമ വൻപ്രതിക്ഷകളില്ലാതെ ചെന്നാൽ പ്രേക്ഷകനെ രസിപ്പിക്കുന്ന സിനിമയാണ് മുദ്ദുഗൗ. ഇതുവരെ മലയാളത്തിൽ കണ്ടു ചിരിക്കാത്ത ഒരു ടോൺ അതാണ് ഈ സിനിമയുടെ പ്രത്യകത.