|
|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - ***1/2
മോഹൻലാൽ , ഗൗതമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ചന്ദ്രശേഖർ യെലേട്ടി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിസ്മയം. 4 വ്യത്യസ്തമാർന്ന കഥകൾ കോർത്തിണക്കിയ ഈ സിനിമ തെലുങ്കിലും, മലയാളത്തിലും ഒരേ സമയം റീലീസു ചെയ്ത സിനിമയാണ്.
സൂപ്പർ മാർക്കറ്റിലെ അസിസ്റ്റന്റ് മാനേജറായ സായിറാമിന്റെ ഔദ്യോഗിക ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഒരു കഥ വളരെ മികച്ച നിലവാരം നില നിർത്തുന്നുണ്ട്. മോഹൻലാലാണ് സായിറാമിനെ അവതരിപ്പിക്കുന്നത്. 287 ദിവസങ്ങൾക്കു ശേഷം മലയാളത്തിൽ ഇറങ്ങിയ മോഹൻലാൽ ചിത്രം എന്നതിലുപരി പഴയകാല മോഹൻലാൽ സിനിമകളെ ഓർമിപ്പിക്കുന്ന ഒരു സിനിമകൂടിയാണ് വിസ്മയം. സായിറാം എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് മോഹൻലാൽ കാഴ്ചവച്ചത്. 2016ലെ മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമയായി വിസ്മയത്തെ കണക്കാക്കാം.
ഗൗതമിയും ഉർവശിയും ചേർന്നുള്ള മറ്റൊരു കഥ, നർമ്മം നിറഞ്ഞ ഒരു സത്യൻ അന്തിക്കാട് സിനിമകളുടെ രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. സാധാരണക്കാരുടെ ജീവിതം എടുത്തു കാണിക്കുന്ന ഈ കഥയ്ക്ക് അതിന്റേതായ പൂർണ്ണത നൽകാൻ ഗായത്രിയുടെ സുഹൃത്തിനെ അവതരിപ്പിച്ച ഉര്‍വശിയുടെ അഭിനയം നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. ഗായത്രി എന്ന വീട്ടമ്മയായി ഗൗതമിയും തിളങ്ങി.
മറ്റൊരു കഥയിൽ റെയ്ന റാവു എന്ന ബാലതാരം മഹിത എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികളിലെ നന്മയും, സത്യസന്ധതയും അവരുടെ പ്രശ്നങ്ങളുമാണ് ഈ കഥയിലെ പ്രധാന വിഷയം.
വിശ്വന്ത് എന്ന തെലുങ്കു യുവതാരം കൈകാര്യം ചെയ്യുന്ന അഭിറാം എന്ന കഥാപാത്രത്തിന്റെ പ്രണയകഥയാണ് മറ്റൊന്ന്.
താരമ്യേന മറ്റു മൂന്നു കഥകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഈ കഥയുടെ നിലവാരം അല്പം കുറവാണ്. തെലുങ്കു പ്രേക്ഷകർക്ക് വേണ്ടി അവിശ്വസനീയമായ ചില രംഗങ്ങൾ കോർത്തിണക്കിയിട്ടുള്ളതു കൊണ്ട് ഈ കഥ മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ സാധ്യത കുറവാണ്.
രാഹുൽ ശ്രീവാസ്തവിന്റെ ക്യാമറ കണ്ണുകൾ വളരെ മനോഹരമായാണ് കഥാസന്ദർഭങ്ങൾ പകർത്തിയിട്ടുള്ളത്. പശ്ചാത്തല സംഗീതം മനോഹരമാണെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ മലയാളി പ്രേക്ഷകരെ നിരാശരാക്കിയിട്ടുണ്ട്. തെലുങ്കു ഭാഷയിലുള്ള ഈ ഗാനങ്ങൾ മലയാളത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ അതിന്റെ പൂർണത നഷ്ടപ്പെടുന്നുണ്ട്.
എന്നാൽ സംഭാഷണങ്ങളിലൊ മറ്റോ ഇതൊരു മലയാള സിനിമയല്ല എന്ന ആർക്കും അവകാശപ്പെടാൻ കഴിയാത്ത പോലെ മികച്ച രീതിയിലാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. ദൃശ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം അതേ നിലവാരത്തിലുള്ള ഒരു മോഹൻലാൽ ചിത്രമായത് കൊണ്ട് മാത്രമല്ല, സായിറാം എന്ന കഥാപാത്രത്തെ നിഷ്കളങ്കമായി മോഹൻലാൽ അവതരിപ്പിച്ചിട്ടുള്ളത് കൊണ്ടാണ് ഈ സിനിമ മലയാളികൾ വരവേൽക്കുന്നത്.
വഴിത്തിരുവുകൾ കൊണ്ടും അവിചാരിതമായ സന്ദഭങ്ങൾ കൊണ്ടും ഒന്ന് ചേരുന്ന ഈ 4 കഥകൾക്കും അതിന്റെതായ പൂർണത കിട്ടുന്നത് അതിമനോഹരമായ സിനിമയുടെ ക്ലൈമാമാക്സിലാണ് .
പല ഭാവങ്ങളിലൂടെ കടന്നു പോകുന്ന ഈ സിനിമ ചിത്രീകരിച്ച് സംവിധായകനായ ചന്ദ്രശേഖർ യെലേട്ടി നമുക്ക് സമ്മാനിച്ചത് മറ്റൊരു ദൃശ്യാനുഭവം.