|
|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - ***
ജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രേതം. ഇതു വരെ എടുത്തിട്ടുള്ള എല്ലാ സിനിമകളും വിജയിച്ചിട്ടുള്ള ഈ കൂട്ടുകെട്ടിൽനിന്നു ആദ്യമായാണ് ഒരു അമാനുഷിക വിഷയം പ്രമേയമാവുന്നത്.
3 കൂട്ടുകാരുടെ സൗഹൃദബന്ധത്തിന്റെ കഥ, കടൽതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അവരുടെ റിസോർട്ടിൽ സംഭവിക്കുന്ന അമാനുഷികമായ സന്ദർഭങ്ങളിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്.
ഒരു മെന്റലിസ്റ് ആണ് നായകകഥാപാത്രമായ ജയസൂര്യ അവതരിപ്പിക്കുന്ന ജോൺ ഡോൺ ബോസ്കോ. മൈൻഡ് റീഡിംഗ്, ഹിപ്പ്‌നോട്ടിസം, മാജിക്ക് ഇവയെല്ലാം സംയോജിപ്പിച്ച് നടത്തുന്ന മനഃശാസ്ത്ര വിദ്യയാണ് മെന്റലിസം എന്ന് മനസ്സിലാക്കിത്തരുവാൻ ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രം സഹായിക്കുന്നുണ്ട്. അജു വർഗീസ്, ഷറഫുദീൻ , ഗോവിന്ദ് പദ്മസൂര്യ എന്നിവരാണ് മൂന്നു സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്. ധർമ്മജൻ ബോൾഗാട്ടി, പേളി മാണി, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കൾ.
ആദ്യ പകുതിയിൽ ഭൂരിഭാഗം രംഗങ്ങളും നർമ്മത്തെ കേന്ദ്രീകരിച്ചാണെങ്കിൽ രണ്ടാം പകുതിയിൽ ഉടനീളം ആകാംഷ നിറഞ്ഞ ഒരുപാട് വഴിത്തിരിവുകൾ ആണ്. ആനന്ദ് മധുസൂദനന്റെ പശ്ചാത്തലസംഗീതം പ്രേക്ഷകരിൽ ഭീതികൂട്ടുവാൻ ഒരുപാട് സഹായകമായെങ്കിലും കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.
മലയാള സിനിമയിൽ സാധാരണയായി എല്ലാ ഹൊറർ സിനിമകളിലും കാണുന്ന രീതിയിലുള്ള മന്ത്രവാദം, പഴയ വീട്, ബംഗ്ളാവ് എന്നിങ്ങനെ മറ്റും ഈ സിനിമയിൽ ഇല്ലാതിരുന്നത് നന്നായി. പ്രേതം എന്ന സങ്കല്പത്തെ പാരനോർമൽ സയൻസുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച് എടുക്കുന്നത് സിനിമയുടെ നിലവാരം കൂട്ടാൻ സാധിക്കും എന്ന് ഈ സിനിമ തെളിയിക്കുന്നു.
അഭിനയത്തിന്റെ കാര്യത്തില്‍ എല്ലാവരും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഒരു പുതിയ ഭാവത്തോടെയാണ് ജയസൂര്യ, ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രത്തെ അതിമനോഹരമായി കൈകാര്യം ചെയ്തിട്ടുള്ളത്. ഷറഫുദ്ദീനും , അജു വർഗീസും കൈകാര്യം ചെയ്യുന്ന നർമ്മരംഗങ്ങൾ ഒരു പ്രത്യേക രീതിയിലുള്ളവയ്യാണ്. മുൻപ് ഇറങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലെ സംഭാഷണങ്ങൾ നർമ്മഭാവത്തിൽ അവതരിപ്പിക്കുന്ന ഇവരുടെ നർമ്മരംഗങ്ങൾ മികച്ച നിലവാരം പുലർത്തുന്നുണ്ട്.
പശ്ചാത്തലസംഗീതം പോലെ തന്നെ ആനന്ദ് മധുസൂദനൻ ഈണം പകർന്നിട്ടുള്ള സിനിമയിലെ ഗാനങ്ങളും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെടുന്നവയാണ്.
കടലിനോടു ചേർന്നുകിടക്കുന്ന അതിമനോഹരാമായ ഒരു റിസോർട്ട് കേന്ദ്രീകരിച്ച് ചിത്രീകരിച്ചിട്ടുള്ള ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത് ജിത്തു ദാമോദറാണ് . വൈവിധ്യമാർന്ന സിനിമകൾ എന്ന് പ്രേക്ഷകർക്ക് നൽകിയിട്ടുള്ള ജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ 'പ്രേതവും' മികച്ച നിലവാരത്തോടെ പ്രദർശനകേന്ദ്രങ്ങളിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.