'ഉറുമ്പുകള്‍ ഉറങ്ങാറില്ല', പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു വിഭാഗം ആളുകളുടെ ജീവിതം വളരെ ലളിതമായാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
കള്ളൻമാരിൽ നല്ലവരും ഉണ്ടെന്ന് കാണിച്ചു തരുന്ന ഈ സിനിമ തസ്കര ചരിത്രം മുതൽ കള്ളന്മാരുടെ ശാസ്ത്രവും, സ്വഭാവവും, ശീലങ്ങളും എല്ലാം പ്രേക്ഷകർക്കു പറഞ്ഞു തരുന്നു.
സൂപ്പർ താരങ്ങൾ ആരും ഇല്ലാതെ തന്നെ വളരെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ഒരു സിനിമയാണ് ഇത്. താരങ്ങളെക്കാൾ കഥയ്ക്കും തിരക്കഥയ്ക്കും പ്രാധാന്യം നൽകിയ ഈ ചിത്രത്തിന്‍റെ വിജയത്തിന്‍റെ പ്രധാന കാരണം പ്രമേയത്തിലുള്ള പുതുമയും, കഥാപാത്രങ്ങളെ വിശ്വസനീയമാക്കി കൈകാര്യം ചെയ്തിരിക്കുന്ന നടീനടന്മാരുമാണ്. ജിജു അശോകനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കഥയുടെ ഓരോ വഴിതിരിവിലും കാണികൾക്ക് സംവിധായകന്‍റെ മികവു മനസ്സിലാക്കാൻ കഴിയും.
തൃശ്ശൂരിലെ ഒരു നാട്ടുപ്രദേശത്തിൽ സംഭവിക്കുന്ന കഥയാണ് ഈ സിനിമ. തന്‍റെ ലക്ഷ്യം നിറവേറാൻ കള്ളന്മമാരിൽ ഒരാളായി നിൽക്കുന്ന മനോജ് എന്ന കഥാപാത്രവും, കള്ളന്മമാരിൽ തന്നെ മാതൃകയായ ബെന്നി എന്ന തസ്കര കഥാപാത്രത്തെയും തമ്മിൽ താരതമ്യം ചെയ്താൽ അതിൽ ആരാണ് നായകൻ എന്ന് തീരുമാനിക്കാൻ പ്രയാസമാണ് . ഓരോ നടീനടന്മാർക്കും തങ്ങളുടെ കഥാപാത്രത്തിൽ ശ്രദ്ധേയരാകാൻ പറ്റിയ ഒരു തിരക്കഥയാണ് ഈ സിനിമയുടെത്.
സപ്തമശ്രീ തസ്‌കരയ്ക്കും സെക്കന്‍ഡ് ക്ലാസ്സ് യാത്രയ്ക്കും ശേഷം ചെമ്പൻ വിനോദിന്‍റെ കളളൻ കഥാപാത്രമായ ബെന്നി തന്‍റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണെന്ന് സംശയിക്കാതെ പറയാം. കൂടാതെ, വിനയ് ഫോർട്ട്, സുധീര്‍ കരമന, ശ്രീജിത്ത് രവി, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗ്ഗീസ്,മുസ്തഫ, അനന്യ, തെസ്‌നി ഖാന്‍, ഇന്നസെൻറ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ തന്നെ ഭംഗിയാക്കി.
ഒരു കുടുംബാന്തരീക്ഷത്തിൽ നിന്നും തുടങ്ങുന്ന ഈ സിനിമയിൽ, സന്ദർഭങ്ങൾക്ക് ചേരുന്നത് പോലുള്ള നല്ല ഗാനങ്ങൾ ഉണ്ട്.
ഒരുപാട് വഴിത്തിരിവുകളും, അപ്രതീക്ഷമായ പല കഥാപാത്രങ്ങളുടെയും സ്വഭാവത്തിൽ കാണുന്ന മാറ്റവും, മോഷണ രംഗങ്ങളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നു. പ്രതീക്ഷാജനകമായ ഓരോ കഥാസന്ദർഭങ്ങളും വളരെ നല്ല രീതിയിൽ നർമ്മത്തിൽ ചാലിച്ച് സംവിധായകൻ ചിത്രീകരിച്ചിട്ടുണ്ട്.
വളരെ യാഥാർത്ഥ്യപൂർവ്വം സംഭാഷണങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് എങ്കിലും കുടുംബപ്രേക്ഷകർക്കു വേണ്ടി കുറച്ച് നാടൻ പ്രയോഗങ്ങൾ സംഭാഷണത്തിൽ നിന്ന് ഒഴിവാക്കമായിരുന്നു.
ചെറുപ്പക്കാർക്കും, കുടുംബപ്രേക്ഷകർക്കും, മറ്റുള്ളവർക്കും ആസ്വാദിക്കാവുന്ന ഒരു നല്ല ദൃശ്യ വിരുന്നായ ഈ സിനിമ, ഒരു പാട് ഗുണപാഠങ്ങളും, സന്ദേശങ്ങളും കള്ളന്മാരുടെ കളവ് രീതിയും, ശൈലിയും കാണിച്ചുകൊണ്ടുള്ള ഒരു സുരക്ഷ ജാഗ്രതയും, കാണികൾക്ക് മനസ്സിലാക്കിതരുന്നു.