|
|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - **1/2
ചെറുപ്പം മുതൽ പോലീസ് ആവാൻ ആവേശമുണ്ടായിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ ചില സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പോലീസ് കഥാപാത്രത്തെ അതിമനോഹരമായി കൈകാര്യം ചെയ്യാനായി ജയസൂര്യ തന്റെ ശരീരഭംഗിയിൽ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്.
കേരള - കർണ്ണാടക ബോർഡറിലെ സാങ്കല്പികമായ ഒരു കുഗ്രാമത്തിൽ ഇൻസ്പെക്ടറായി വരുന്ന ദാവൂദ് ഇബ്രഹിമിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ നർമ്മത്തിലും സംഘട്ടന രംഗങ്ങളും കോർത്തിണക്കിയാണ് അവതരിപ്പിച്ചിട്ടുള്ളത്.
അമാനുഷികമായ ഒരുപാട് രംഗങ്ങളും സന്ദർഭങ്ങളും ഉണ്ടെങ്കിലും അതിനു പിന്നിൽ വ്യക്തമായ ഒരു ലോജിക് ഉള്ളത് കൊണ്ട് ഒരു മോശം അഭിപ്രായം ഇല്ല.
സിനിമ, മലയാള ഭാഷയിലാണ് എങ്കിലും തമിഴ് സിനിമയുടെ ഇഫ്ഫെക്ടിലാണ് ചിത്രീകരിച്ചിട്ടുള്ളത്. 'സു സു സുധി വാത്മീകം' എന്ന സൂപ്പർ ഹിറ്റ് എന്ന സിനിമയിലെ, ജനങ്ങൾ അംഗീകരിച്ച താര ജോഡികളായ ജയസൂര്യ -ശിവദ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ സംഘട്ടനരംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്. സിനിമയിൽ ശിവദയും ഒരു ചെറിയ സംഘട്ടനം കൈകാര്യം ചെയ്തിട്ടുണ്ട്.
സംഘട്ടന രംഗങ്ങൾ പോലെ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്നതാണ് സിനിമയിലെ നർമ്മരംഗങ്ങളും. അതിശക്തമായ ഒരു വില്ലൻ കഥാപാത്രത്തെ തമിഴ് താരം യോഗ് ജെപ്പീ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളായ മധുപാൽ, സുനിൽ സുഖദ , സൈജു കുറുപ്പ് , ജോജു ജോർജ്ജ് , മോളി കണ്ണമാലി എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
രാഹുൽ രാജിന്റെ അതിമനോഹരമായ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഇതിനോടകം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് .
സുജിത് സാരംഗിന്റെ ഛായാഗ്രഹണവും സമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും ഒത്തു ചേരുമ്പോൾ സിനിമയുടെ മാസ്സ് ഇഫ്ഫെക്ട് പ്രേക്ഷകർക്ക് നല്ല രീതിയിൽ ഉൾകൊള്ളാൻ കഴിയുന്നുണ്ട്.
'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമ പോലെ തന്മയത്വത്തോടെയുള്ള ചിത്രീകരണരീതിയിലുള്ള സിനിമ പ്രതീക്ഷിച്ച് IDI എന്ന സിനിമ കാണാൻ പോയാൽ തീർച്ചയായും നിരാശരായി തിരിച്ചു വരേണ്ടി വരും.
എങ്കിലും, രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു എന്റർറ്റെയ്നെർ എന്ന നിലയ്ക്ക് എല്ലാ അർത്ഥത്തിലും ഈ സിനിമ വിജയമാണ് .