Pathemaari is a Malayalam Family Drama movie
directed by Salim Ahmed.
Starring Mammootty,Jewel Mary,Sreenivasan,Siddique,Joy Mathew,Salim Kumar,Santhosh Keezhattoor,Sunil Sukhada,Shaheen Siddique,Mithun Ramesh.
പായക്കപ്പലിന്‍റെ വേറെ ഒരു പേരാണ് പത്തേമാരി. ആദ്യകാല പ്രവാസ ജീവിതത്തിൽ തുടങ്ങുന്ന കഥ അവസാനിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിലാണ്. തൃശ്ശൂരിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് പള്ളിയ്ക്കൽ നാരായണൻ എന്ന കഥാപാത്രം ജീവിക്കുന്നത്. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തെ രക്ഷിക്കാനായി തന്‍റെ സ്വപ്നങ്ങളെ എല്ലാം ത്യജിച്ചു കള്ളലോഞ്ചു കയറി നാരായണൻ പേർഷ്യക്കു പോകുന്നു. അങ്ങിനെ ഭൂരിഭാഗം പ്രവാസികളുടെയും ജീവിതം തുടങ്ങുന്ന പോലെ തന്നെ നാരായണന്‍റെ പ്രവാസജീവിതവും തുടങ്ങുന്നു.
കഥ വളരെ ലളിതമാണെങ്കിലും ചിത്രീകരിച്ചിരിക്കുന്ന രീതി വളരെ മനോഹരമാണ്. വിഷ്വൽ ഇഫെക്റ്റസിന്‍റെ സഹായത്തോടെയാണ് ആ രംഗങ്ങൾ സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്. പത്തേമാരിയിൽ നിന്നും കടൽ നീന്തികടന്ന് ഒരു പകൽ സമയം മുഴുവൻ കടൽ വെള്ളത്തിൽ ഒളിച്ചു ഇരിക്കുകയും ഈ യാത്രയിൽ നാരായണനും കൂട്ടരും നേരിടുന്ന കഷ്ടപാടുകൾ ആണ് സിനിമയുടെ ഇതിവൃത്തം. ഈ സിനിമയിലൂടെ ആദ്യകാല പ്രവാസി ജീവിതത്തിന്‍റെ കയ്പേറിയ അനുഭവങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാവുന്നതാണ്.
വൈകാരികതയ്ക്ക് ഏറെ പ്രാധാന്യമുള്ള ഈ സിനിമയിലെ നാരായണൻ എന്ന നായക കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത് മമ്മൂട്ടിയാണ്. വൈകാരികത നിറഞ്ഞ ഒരുപാട് കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള മമ്മൂട്ടി എന്ന അതുല്യനടൻ നാരായണൻ എന്ന കഥാപാത്രത്തെയും അനശ്വരമാക്കിയിട്ടുണ്ട്. മമ്മൂട്ടിക്കു പുറമെ സലിം കുമാറും ശ്രീനിവാസനും, സിദ്ധിക്കും, ജോയ് മാത്യുവും, സുനിൽ സുഖദയും, സന്തോഷ് കീഴാട്ടൂരും ഒക്കെ തങ്ങളുടെ ഭാഗം മനോഹരമാക്കി. ജുവല്‍മേരി താൻ അവതരിപ്പിച്ച ഭാര്യ റോൾ മനോഹരമാക്കി.
കള്ളലോഞ്ചു കയറി എത്തിയ ഒരു പ്രവാസിയുടെ ജീവിതം ഭാഷ പോലും അറിയാത്ത ഒരു നാട്ടിൽ എങ്ങിനെ രക്ഷപെട്ടു പോകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം എന്ന പോലെ കുറച്ചു രംഗങ്ങളെങ്കിലും ഉൾക്കൊള്ളിച്ചിരുന്നു എങ്കിൽ കഥയ്ക്കും, സിനിമയ്ക്കും ഒരല്പം കൂടി പ്രക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുമായിരുന്നു.
എങ്കിലും ഗൾഫുകാരുടെ യഥാർത്ഥ ജീവിതത്തിന്‍റെ നേർക്കാഴ്ചയായ ഈ സിനിമ ഏതൊരാളുടെയും മനസ്സിൽ ഇടം പിടിക്കുന്ന ഒന്നാണ്. വെയിലും മഴയും കൊണ്ട് തന്‍റെ കഠിനാദ്ധ്വാനത്തിലൂടെ സ്വന്തം കുടുംബം രക്ഷിച്ച വ്യക്തിയാണ് നാരായണൻ. ജീവിതാവസാനം വരെ കഷ്ടപ്പെട്ടു പണിയെടുത്തിട്ടും, കൊടുത്ത സ്നേഹവും, പണവും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ നാരായണൻ. പിന്നെയും ഭാര്യയെയും , മക്കളെയും സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും എല്ലാം തന്‍റെ സ്വന്തം എന്നു കരുതി സ്നേഹിക്കുന്നു. ഇതിലൂടെ നാരായണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ അറിയാതെ തന്നെ ബഹുമാനിച്ചു പോകുന്നു. ഒരു സാധാരണക്കാരന് ഈ സിനിമ പല തരത്തിലാണ് ചിന്തിപ്പിക്കുന്നത്. തന്റെ അവസാന നാളുകളിലും ഗൾഫിൽ നിന്ന് നാട്ടിലേക്കു വിളിക്കുമ്പോൾ സ്വന്തം മകൾ പോലും കള്ളം പറഞ്ഞു സംസാരിക്കാതെ ഇരിക്കുമ്പോൾ ഏതൊരാളെയും വിഷമിപ്പിക്കുന്നതാണ്. അവസാനം വരെ നാരായണൻ എന്ന കഥാപാത്രത്തിന്‍റെ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടുള്ളത് കൂട്ടുക്കാരിൽ നിന്ന് മാത്രമാണ്. ബാക്കി എല്ലാവരും ഏതെങ്കിലും തരത്തിൽ അയാളെ വിഷമിപ്പിച്ചിട്ടുണ്ട്. കുടുംബ പ്രക്ഷകരെ ഒരുപാട് ചിന്തിപ്പിക്കുന്ന ഈ സിനിമ ഏതൊരാൾക്കും മറക്കാൻ പറ്റാത്ത ഒരു സിനിമയായിരിക്കും.