Su..Su...Sudhi Valmeekam is a Malayalam Comedy Drama movie
directed by Ranjith Sankar.
Starring Jayasurya,Sshivada,Mukesh,Aju Varghese,Sunil Sukhada,K. P. A. C. Lalitha,TG Ravi,Irshad,Anson Paul.
ഒരു മനുഷ്യന്‍റെ ജീവിതത്തിൽ ശുഭാപ്തി വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രാധാന്യം എത്രത്തോളമെന്ന് ലളിതമായൊരു കഥയിലൂടെ പ്രേക്ഷകന് സമ്മാനിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്‍റെ പുതിയ സിനിമയായ സു സു സുധീ വാത്മീകത്തിലൂടെ .
പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയ്ക്കു ശേഷം, ഈ സിനിമയുടെ നിര്‍മ്മാതാക്കൾ കൂടിയായ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
വിക്കുള്ളതിനാൽ അന്തർമുഖനായ സുധീ വാത്മീകം(ജയസൂര്യ) എന്ന ചെറുപ്പക്കാരന്‍റെ അപകര്‍ഷതകളുടേയും അതിനെ അതിജീവിക്കുന്നതുമായിട്ടുള്ള അനുഭവങ്ങളാണ് ഈ സിനിമയുടെ പ്രമേയം. കൂടാതെ ഒരാളുടെ ഏറ്റവും വലിയ വിജയം നല്ല സുഹൃത്തുക്കളും നല്ല ബന്ധങ്ങളുമാണെന്നും.
പലപ്പോഴും വിക്കുള്ളവരെ സമൂഹം അറിയാതെയെങ്കിലും കളിയാക്കുകയും അവരുടെ വിഷമത മനസ്സിലാക്കാനുള്ള ക്ഷമ കാണിക്കാതിരിക്കുന്നതും വളരെ ലളിതമായി ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. സമൂഹത്തിൽ അവർ നേരിടുന്ന ആത്മസംഘര്‍ഷങ്ങളിലേയ്ക്കു സിനിമയിലൂടെ ബോധ്യപ്പെടുത്താന്‍ സംവിധായകൻ ശ്രമിക്കുന്നുണ്ട്.
ഊമയായും അന്ധനായും മുടന്തനായും നമുക്ക് മുൻപിൽ പ്രതിഭ തെളിയിച്ച ജയസൂര്യ വിക്കനായ സുധിയെന്ന കഥാപാത്രത്തെ സമര്‍ഥവും വിശ്വസനീയവുമായി അവതരിപ്പിച്ചു താൻ ഒരു അഭിനയപ്രതിഭ ആണെന്ന് വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. നായികാമാരായെത്തിയ ശിവദാ നായരും പുതുമുഖ നായികയായ സ്വാതിയും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.
ജയസൂര്യയോടൊപ്പം തന്നെ മികച്ചു നില്ക്കുന്നു ടി.ജി. രവി, അജു വര്‍ഗീസ്, മുത്തുമണി, കെ.പി.എ.സി. ലളിത, ഇര്‍ഷാദ്, സുനില്‍ സുഗദ എന്നിവർ. മുകേഷായി തന്നെ എത്തിയ മുകേഷ് മികച്ച പ്രകടനം കാഴ്ച വച്ചു. ബിജിപാലിന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും എടുത്ത് പറയേണ്ടതാണ്.
സ്വന്തം കുറവുകളെ തിരിച്ചറിഞ്ഞു അതിനെ ഉൾക്കൊണ്ടു അതിനെ ഭയക്കാതെയും ആരെയും അനുകരിക്കാൻ ശ്രമിക്കാതെയും ജീവിച്ചാൽ ജീവിതവിജയം ലഭിക്കും എന്ന സന്ദേശം ഉൾക്കൊള്ളിച്ച രഞ്ജിത്ത് ശങ്കറിന്‍റെ സു സു സുധി വാത്മീകം കുട്ടികളും കുടുംബവുമായി ധൈര്യമായി കാണാവുന്ന ഒരു നല്ല സിനിമയാണ്.